First Bell : തിങ്കളാഴ്ച മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ


ഫസ്റ്റ് ബെൽ : തിങ്കളാഴ്ച മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഓൺലൈൻ വീഡിയോ ക്ലാസുകൾ ജൂൺ 15 മുതൽ തുടർ സംപ്രേഷണം ആരംഭിക്കും. രണ്ടാഴ്ചക്കാലത്തെ ട്രയലിന് ശേഷം തുടർ പാഠഭാഗങ്ങളാണ് ജൂൺ 15 മുതൽ വിക്‌ടേഴ്‌സ് ചാനൽ വഴി ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളിൽ എത്തിക്കുന്നത്.

ക്ലാസ് ചലഞ്ചിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ സമർപ്പിച്ച മാതൃകാ വീഡിയോക്ലാസുകൾ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തി മികച്ച അധ്യാപകരെ വീഡിയോ ക്ലാസുകൾ എടുക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനകം, വരുന്ന രണ്ടാഴ്ചക്കാലത്തെ സംപ്രേഷണത്തിന് ആവശ്യമായ വീഡിയോ ക്ലാസുകൾ തയാറായിട്ടുണ്ട്.

എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, കൈറ്റ്, എസ്.ഐ.ഇ.ടി എന്നീ വിദ്യാഭ്യാസ ഏജൻസികൾ തയാറാക്കുന്ന വീഡിയോ ക്ലാസുകൾ എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റി അംഗങ്ങളുടെയും പുറമെനിന്നുള്ള വിദഗ്ധരുടെയും സംയുക്ത സൂക്ഷ്മ പരിശോധനയ്ക്കും ആവശ്യമായ എഡിറ്റിംഗിനും ശേഷമാണ് സംപ്രേഷണത്തിനായി വിക്‌ടേഴ്‌സ് ചാനലിന് കൈമാറുന്നത്. ഈ പ്രവർത്തനങ്ങൾ അവധി ദിവസങ്ങളിൽ പോലും എസ്.സി.ഇ.ആർ.ടിയിൽ പുരോഗമിക്കുകയാണ്. കൂടാതെ ഇതുവരെ സംപ്രേഷണം ചെയ്യാത്ത വിഷയങ്ങളുടെയും വീഡിയോ ക്ലാസുകൾ ഘട്ടംഘട്ടമായി തയാറാക്കും. ഇതിന്റെ ഭാഗമായി ഉർദു, സംസ്‌കൃതം, അറബിക് വിഷയങ്ങളുടെ വീഡിയോ ക്ലാസുകളും ജൂൺ 15ന് തുടങ്ങുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ' പദ്ധതിയിൽ തിങ്കളാഴ്ച (ജൂൺ 15) മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും.  ട്രയൽ അടിസ്ഥാനത്തിൽ  സംപ്രേഷണം ചെയ്ത ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ഒരുക്കിയിരുന്നു.  തിങ്കളാഴ്ച മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ലഭിച്ചത്. വിക്ടേഴ്‌സ് വെബിൽ 27 ടെറാബൈറ്റ് ഡൗൺലോഡ് ഒരു ദിവസം നടന്നു. യൂട്യൂബിൽ വരിക്കാർ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറിൽ നിന്നും 16.5 ലക്ഷംപേർ വിക്ടേഴ്‌സ് മൊബൈൽ ആപ്പ് ഡൗൺലോഡു ചെയ്തു. ചില ക്ലാസുകൾ 40 ലക്ഷത്തിലധികം പേർ കാണുകയുണ്ടായി. ഇന്ത്യയ്ക്ക് പുറത്ത് ഗൾഫ് നാടുകളിലും അമേരിക്ക-യൂറോപ്പ് ഭൂഖണ്ഡങ്ങളിൽ നിന്നും ക്ലാസുകൾ കാണുകയുണ്ടായി.  ആദ്യ ക്ലാസുകളുടെ ഫീഡ്ബാക്കനുസരിച്ച് ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകൾ എഴുതിക്കാണിക്കാനും, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാ ക്ലാസുകളിൽ മലയാള വിശദീകരണം നൽകാനും കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്താനും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ്, സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.

കൈറ്റ് വിക്ടേഴ്‌സ് ചാനലിനു പുറമെ ഫേസ്ബുക്കിൽ victerseduchannel   ൽ ലൈവായും, യുട്യൂബിൽ  itsvicters  വഴിയും ക്ലാസുകൾ കാണാം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളിൽ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകൾക്ക് നിലവിലുള്ളതുപോലെ ശനി, ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാൻ കഴിയാത്ത കുട്ടികൾക്ക് പിന്നീട് വെബിൽ നിന്നും, ഓഫ്‌ലൈനായി ഡൗൺലോഡ് ചെയ്തും ക്ലാസുകൾ കാണാം.

തമിഴ്, കന്നട മീഡിയം ക്ലാസുകൾ യൂ ട്യൂബിൽ

തമിഴ് മീഡിയം ക്ലാസുകൾ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകൾ youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും. കൈറ്റിന്റെ പാലക്കാട്, കാസർഗോഡ്, ഇടുക്കി ജില്ലാ ഓഫീസുകളുടെ നേതൃത്വത്തിൽ ഡയറ്റുകളുടെ അക്കാദമിക പിന്തുണയോടെയും എസ്.എസ്.കെ.യുടെ സഹായത്തോടെയുമാണ് തമിഴ്, കന്നട ക്ലാസുകൾ തയാറാക്കുന്നത്. ഇത് ആദ്യ അഞ്ചുദിവസം ട്രയൽ അടിസ്ഥാനത്തിലാണ്. ഇവ പ്രാദേശിക കേബിൾ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിൾ കൈറ്റ് വെബ്‌സൈറ്റിൽ  (www.kite.kerala.gov.in)  ലഭ്യമാണ്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !